കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്തിക്കാതെ നാടും നഗരവും ഇരുട്ടിലാഴ്ത്തിയ നഗരസഭയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കൗൺസിൽ പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. മാസങ്ങളോളമായി നഗരസഭാ പരിധിയിൽ തെരുവ് വിളക്കുകൾ കണ്ണടച്ചിരിക്കുകയാണ്. തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുന്നതിനായി ലക്ഷക്കണക്കിന് രൂപയാണ് നഗരസഭ ചെലവഴിക്കുന്നത് എന്ന് പറയുമ്പോഴും കൊയിലാണ്ടി പട്ടണം ഇരുട്ടിൽ തന്നെയാണ്. കരാറുകാരുമായുള്ള എ.എം.സി പുതുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് നഗരസഭ ഈ അനാസ്ഥ തുടരുന്നത്.
കെൽട്രോൺ കമ്പനിയുമായി കരാർ നിലനിൽക്കുമ്പോഴും തകരാറിലായ ലൈറ്റുകൾ റിപ്പയർ ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിച്ചിട്ടില്ല. തകരാറിലായ വിവിധ കമ്പനികളുടെ തെരുവ് വിളക്കുകൾ ഉടൻ റിപ്പയർ ചെയ്യാനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യു.ഡി.എഫ് കൗൺസിലർമാർ മുന്നോട്ട് പോകുമെന്ന് പി.രത്നവല്ലിടീച്ചർ, വി.പി ഇബ്രാഹിം കുട്ടി എന്നിവർ അറിയിച്ചു.
പ്രതിഷേധ ധർണ്ണയിൽ കൗൺസിലർമാരായ കേളോത്ത് വൽസരാജ്, കെ.എം.നജീബ്, മനോജ് പയറ്റുവളപ്പിൽ, എ.അസീസ് മാസ്റ്റർ, രജീഷ് വെങ്ങളത്ത് കണ്ടി, ജമാൽ മാസ്റ്റർ, ഫക്രുദ്ധീൻ മാസ്റ്റർ, ഫാസിൽ.പി പി, ഷീബ അരീക്കൽ, കെ.ടി.വി.റഹ്മത്ത്, ഷൈലജ.കെ.കെ, സുമതി. കെ.എം, ജിഷ പുതിയെടത്ത് തുടങ്ങിയവർ സംബന്ധിച്ചു.