• കൊയിലാണ്ടി
  • April 26, 2024
koyilandy-news-ldf

കൊയിലാണ്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി. എഫ്. ഭരണം നിലനിർത്തി. ആകെയുള്ള 44 വാർഡുകളിൽ ഇടതുമുന്നണി 25 വാർഡുകളിൽ വിജയിച്ചു. 16 വാർഡുകളിൽ യു.ഡി.എഫും, 3 വാർഡുകളിൽ എൻ.ഡി.എ.യും വിജയിച്ചു. മുൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ 15-ാം വാർഡിൽ നിന്ന് 113 വോട്ടിന് വിജയിച്ചു. കെ. സത്യൻ (479), യു.ഡി.എഫ്.ലെ പാവൻ വീട്ടിൽ വേണുഗോപാലന് (366), ബി.ജെ.പി. സ്ഥാനാർത്ഥിക്ക് (27) വോട്ട് എന്നിങ്ങനെയാണ് വോട്ട് നില.
വിജയിച്ച മറ്റ് പ്രമുഖർ മുൻ നഗരസഭ കൌൺസിലറും വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സി.പി.എം. നേതാവ് കെ. ഷിജു മാസ്റ്റർ, മുൻ കൌൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായി എ. ലളിത, 95ലെ നഗരസഭയിലെ ആദ്യ കൌൺസിൽ അംഗവും സിപിഐ മണ്ഡലം സെക്രട്ടറിയും സംസ്ഥാന കൌൺസിൽ അംഗവുമായ ഇ.കെ. അജിത്ത് മാസ്റ്റർ, സുധ കിഴക്കെപ്പാട്ട് (സിപിഐഎം), രത്നവല്ലി ടീച്ചർ (കോൺഗ്രസ്സ്),വി.പി. ഇബ്രാഹിം കുട്ടി (മുസ്ലിം ലീഗ്) , എ. എസീസ് മാസ്റ്റർ (മുസ്ലിം ലീഗ്), മനോജ് മയറ്റു വളപ്പിൽ (കോൺഗ്രസ്സ്) എന്നിവർ വിജയിച്ചവരിൽപ്പെടുന്നു.

ബിജെപി.ക്ക് 3 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. വാർഡ് 35 (വൈശാഖ്), വാർഡ് 36 (സുധാകരൻ), വാർഡ് 41 എന്നിവടങ്ങളിലാണ് ബി.ജെ.പി. ജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ ബിജെപിയിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്ത സീറ്റിൽ ഇത്തവണ നടന്ന ത്രികോണ മത്സരത്തിലാണ് ബി.ജെ.പി. സീറ്റ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ എൽ.ഡി.എഫ്. പക്ഷത്തുള്ള 3 സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തിച്ചുണ്ട്. കഴിഞ്ഞ കൌൺസിലിൽ എൽ.ഡി.എഫ് ന് 28 സീറ്റാണുണ്ടായിരുന്നത്. ഒരു ഇടത് സ്വതന്ത്രനും ഉണ്ടായിരുന്നു.