• കൊയിലാണ്ടി
  • April 21, 2024
koyilandy-news-live-shigella
Dr. Harsha Rani BJ

കോഴിക്കോട് വയറിളക്കം ബാധിച്ച് ഒരു കുട്ടി മരിക്കുകയും അത് ഷിഗല്ല ബാക്ടീരിയ കാരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനം അതീവജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

ഷിഗല്ല സോനി വളരെ അപകടകാരിയായ ഒരു ബാക്ടീരിയ ആണ്. ഇതിന് സ്വന്തമായി ചലിക്കാന്‍ ശേഷി ഇല്ല. ഇത് മനുഷ്യരുടെ മലവിസര്‍ജ്ജ്യത്തിലൂടെ പുറത്തുവരികയും  മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നു. സാധാരണയായി വയറിളക്കമാണ് പ്രധാനലക്ഷണം. നമ്മുടെ ശരീരത്തിനകത്തു കയറിയാല്‍ അതു കുടലിനകത്തെ കോശങ്ങളില്‍ പ്രവേശിച്ച് അവിടെ പെറ്റുപെരുകാനാരംഭിക്കുന്നു. സാധാരണയായി ബാക്ടീരിയ ഉള്ളില്‍ കയറി രണ്ടു ദിവസം കൊണ്ടുതന്നെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും.

ബാക്ടീരിയ പെറ്റുപെരുകുന്നതോടൊപ്പം ഷിഗ ടോക്സിന്‍ എന്ന വിഷവസ്തു പുറത്തുവിടുന്നു. മാരകമായ രോഗലക്ഷണങ്ങള്‍ കാണിക്കാന്‍കാരണം ഈ വിഷ വസ്തുവിന്റെ സാന്നിധ്യം ആണ്.

വയറുവേദന, കുളിര്, ഓക്കാനം, ശര്‍ദ്ദി, ചെറിയ പനി ഇങ്ങനെയാണ് രോഗലക്ഷണങ്ങളുടെ തുടക്കം തുടര്‍ന്ന് ശക്തമായ ക്ഷീണവും വിറയലോടും കൂടി വയറിളക്കം തുടങ്ങുന്നു. സാധാരണ വയറിളക്കത്തില്‍ നിന്നും വ്യത്യസ്തമായി മലത്തോടോപ്പം രക്തവും പുറത്തുപോവാന്‍ തുടങ്ങുന്നു. മലവിസര്‍ജ്ജനം നടത്തികഴിഞ്ഞ ശേഷവും പിന്നയും പോവണമെന്ന ശക്തമായ തോന്നലും ഇതിന്റെ പ്രത്യേകതയാണ്. രോഗം വന്ന് രണ്ടാം ദിവസം 7, 8 തവണയില്‍ തുടങ്ങി ദിവസം 24, 30  തവണ വരെ വയറിളകുന്ന അവസ്ഥയിലേക്കെത്തും. ഇങ്ങനെ ശക്തമായനിര്‍ജ്ജലീകരണം ഉണ്ടാവുകയും ശരീരതളര്‍ച്ചയും ബോധക്ഷയവും ഉണ്ടാവുന്നു. തുടര്‍ന്ന് മരണം വരെ സംഭവിക്കാം.

ഷിഗല്ലെ ബാക്ടീരിയക്ക് ഏകദേശം 50 ദിവസത്തോളം മലിനജലത്തില്‍ ജീവനോടെ രോഗവാഹകരായി  ഇരിക്കാന്‍ സാധിക്കും. രോഗം പടര്‍ന്നുപിടിക്കാന്‍ ഇതാണ് പ്രധാനകാരണം. ഷിഗല്ലെ രോഗം തടയാന്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.

  • ഇതുതടയാന്‍ പ്രധാനമായും  തിളപ്പിച്ചാറിയ  വെളളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക, പുറത്തുനിന്ന് ജ്യുസ് പോലുളളവ കഴിക്കാതിരിക്കുക
  • മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പിട്ടു കഴുകി വൃത്തിയായി വെക്കണം 
  • കുട്ടികള്‍ക്ക് ഡയപ്പര്‍ മാറുന്നതിനു മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക
  • രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ തന്നെ വൈദ്യസഹായം തേടുക
  • O R S ലായനി ഉപയോഗിക്കുക
  • കിണറുകള്‍ ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് ശുചിയാക്കുക
  • ഭക്ഷണ സാധനങ്ങള്‍ തുറന്നു വെക്കാതിരിക്കുക
  • ഈച്ച വന്നിരുന്നതോ, തുറന്നു വെച്ചതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുക
  • കുട്ടികളേയും പ്രതിരോധശേഷി കുറഞ്ഞവരേയും സാരമായി ബാധിക്കുന്ന ബാക്ടീരിയല്‍ രോഗമാണ് ഷിഗല്ലെ, ആയതിനാല്‍ അതീവ ജാഗ്രത അത്യന്താപേക്ഷിതമാണ്