• കൊയിലാണ്ടി
  • July 27, 2024

കൊയിലാണ്ടി: കഥകളി വിദ്യാലയം ചേലിയ,  ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അനുസ്മരണ പരിപാടി നടത്തി. കഥകളി പഠനത്തിനായി  ജന്മനാട്ടിൽ ഗുരു  സ്ഥാപിച്ച കഥകളി വിദ്യാലയത്തിൽ നടന്ന  ‘ഗുരു സ്മൃതി ‘  പരിപാടിയിൽ സാംസ്കാരിക പ്രവർത്തകരും, ശിഷ്യരും പ്രശിഷ്യരും , ആരാധകരും, നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ  പങ്കെടുക്കുകയുണ്ടായി .  ഗുരുവിൻ്റെ ഛായാപടത്തിനു മുന്നിൽ  കളിവിളക്കിനു തിരി തെളിയിച്ചു കൊണ്ട് ശ്രദ്ധാഞ്ജലിക്ക് തുടക്കം കുറിച്ചത്  കലാമണ്ഡലം റിട്ട.  പ്രിൻസിപ്പൽ ബാലസുബ്രഹ്മണ്യൻ ആശാനായിരുന്നു . തുടർന്ന് സദസ്സ്  പുഷ്പാർച്ചനയും  ഗുരു വന്ദനവും നടത്തി . ഗുരുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിനു പ്രിയപ്പെട്ട കഥകളി പദങ്ങൾ കലാനിലയം ഹരിയും ഗുരുവിൻ്റെ ജീവിതത്തെ ആസ്പദമാക്കി യു കെ രാഘവൻ മാസ്റ്റർ രചിച്ച  കവിത സംഗീതാദ്ധ്യാപികയായ ദിവ്യ കിരണും ആലപിച്ചു . അനുസ്മരണ  സമ്മേളനത്തിൽ കലാമണ്ഡലം ബാല സുബ്രഹ്മണ്യൻ ,കലാ ഗവേഷകനായ കെ.കെ. മാരാർ, ചരിത്രകാരൻ  ഡോ. എം.ആർ രാഘവവാരിയർ, ഗുരുവിൻ്റെ സതീർഥ്യനായ ശിവദാസ് ചേമഞ്ചേരി , യു.കെ. രാഘവൻ, ഡോ. എൻ.വി. സദാനന്ദൻ, അഞ്ജലി സാരംഗി എന്നിവർ അനുസ്മരണ ഭാഷണം നടത്തി.  കഥകളി വിദ്യാലയം പ്രസിഡണ്ട് വിജയരാഘവൻ ചേലിയ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടരി  പ്രശോഭ് ജി സ്വാഗതവും, പി ടി എ പ്രസിഡണ്ട്  മനോജ് ഇഗ്ളു നന്ദിയും പറഞ്ഞു.