• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടിയിൽ ടി.പി.ആർ വീണ്ടും കൂടി 19.5.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ നഗരസഭ ” ഡി ” കാറ്റഗറിയിൽ തുടരും. ഒരാഴ്ചത്തെ അവലോകന കണക്കിൽ 18.1 ശതമാനമാണ് ടി.പി.ആർ. ഇതോടെ രോഗം കൂടിയ 3 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. മറ്റൊരു വാർഡ് മൈക്രോ കണ്ടെയിൻമെൻ്റ് സോണായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ഉത്തരവിട്ടു. 34, 35, 36 വാർഡുകളാണ് കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. മൂന്ന് വാർഡുകളും തീരദേശ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. നഗരസഭ വാർഡ് 23ലെ മുതുവോട്ട് ക്ഷേത്രം റോഡ് മുതൽ കുന്നത്ത് മീത്തൽ വരെയും, പുതിയേടത്ത് മീത്തൽ – കൈപ്പുറത്ത് താഴെ റോഡിനും കണിശൻ കണ്ടി മുക്ക് മുതൽ കുറ്റിയാപ്പുറത്ത് താഴെ വരെയും റോഡിനു മദ്ധ്യേ മൂഴിക്കു മീത്തൽ പ്രദേശവും മൈക്രോ കണ്ടെയിൻമെൻ്റ് സോണായും പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 4, 9 വാർഡുകളും കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ കണ്ടെയിൻമെൻ്റ് വാർഡുകളിലും പ്രദേശങ്ങളിലും അവശ്യ സാധന വിൽപ്പന കേന്ദ്രങ്ങളുടെ സമയത്തിൽ മാറ്റം വരുത്തി ഉത്തരവായിട്ടുണ്ട്. ഭക്ഷ്യ അവശ്യ വസ്തുക്കളുടെ വിൽപ്പന ശാലകൾ ബേക്കറി, ഉൾപ്പെടെയുള്ള കടകൾ രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 മണി വരെ മാത്രമെ പ്രവർ്ത്തിക്കാൻ അനുമതിയുള്ളൂ. ഹോട്ടലുകൾ പാർസലുകൾ വിതരണം ചെയ്യുന്ന സമയം രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയായിരിക്കും. അവശ്യ സാധനങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്കായി പുറത്തിറങ്ങാൻ അനുവദിക്കില്ല. വാഹന ഗതാഗതം ആശുപത്രി സേവനങ്ങൾക്ക് മാത്രമായിരിക്കും. മേഖലയിൽ പോലീസിൻ്റെ നിരീക്ഷണം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

ആശങ്ക പരത്തുന്ന വിധമാണ് ഇന്ന് കൊയിലാണ്ടിയിൽ ടി.പി.ആർ. കൂടിയത്. 358 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തിയതിൽ 70 പേർക്കാണ് ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.5.5 ആയിരിക്കുകയാണ്. ഇതോടെ കൊയിലാണ്ടി ഒരാഴ്ചകൂടി ഡി കാറ്റഗറിയിൽ തുടരുന്ന സ്ഥതിയാണ് ഉണ്ടായത്.