• കൊയിലാണ്ടി
  • April 21, 2024

കോഴിക്കോട്: മാലിന്യത്തിലൂടെ പകരുന്ന ഗുരുതര രോഗമായ ഷിഗെല്ല ബാക്ടീരിയ ബാധ മൂലം കോഴിക്കോട്ട് ഒരു കുട്ടി മരിച്ചു. ഒന്‍പത് കുട്ടികളില്‍ രോഗലക്ഷണം ഉളളതായി റിപ്പോര്‍ട്ട്. മായനാട്, കോട്ടാംപറമ്പിലെ പതിനൊന്നുകാരനാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് കുട്ടിയെ ഛര്‍ദ്ദിയും വയറിളക്കവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സോഡിയവും രക്തസമ്മര്‍ദ്ദവും കുറഞ്ഞതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം രോഗലക്ഷണം കണ്ടെത്തിയ ഒന്‍പത് കുട്ടികളും മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തില്‍ ചികിത്സയിലാണ്. കുട്ടിള്‍ക്കെല്ലാവര്‍ക്കും ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ.സി ശ്രീകുമാര്‍ അറിയിച്ചു.

മായനാട് മരിച്ച കുട്ടിയുടെ വീട്ടിലെത്തിയവരിലും ഷിഗെല്ല രോഗബാധ കണ്ടെത്തിയതായി പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ രോഗ ഉറവിടം വ്യക്തമായിട്ടില്ല.