• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറ മുതൽ കൊയിലാണ്ടി ഹാർബർ വരെ കടലാക്രമണം രൂക്ഷം. കാപ്പാട് നിരവധി വൃക്ഷങ്ങൾ കടപുഴകി. തീരപ്രദേശത്തെ കടകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട് ഏഴു കുടിക്കൽ വളപ്പിൽ ബീച്ചിൽ 25 മീറ്റർ നീളത്തിൽ തീരദേശ റോഡ് തകർന്നു. കൊയിലാണ്ടി ഹാർബർ തോട്ടും മുഖം ഭാഗം എന്നിവിടങ്ങളിലെല്ലാം ശക്തമായ കടൽക്ഷോഭമാണ്. കാപ്പാട് കൊയിലാണ്ടി തീരദേശ റോഡ് പല ഭാഗത്തും തകരാമെന്ന നിലയിലാണ്. കടൽഭിത്തികൾ കടന്ന് കൂറ്റൻ തിരമാലകൾ റോഡിലേക്കാണൊഴുകുന്നത്.

തോട്ടും മുഖം ഭാഗത്ത് കടൽഭിത്തിയും തകർത്തു കൊണ്ടാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. കടലാക്രമണം ഇനിയും ശക്തമായാൽ വീട്ടുകാരെ മാറ്റി താമസിപ്പിക്കേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.  മ്യാൻമർ ടൗട്ടെ എന്ന് പേരിട്ട ചുഴലിക്കാറ്റ് കാരണം കടൽ പ്രക്ഷുബ്ധമാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. തീരക്കടലിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗവും മുന്നറിയിപ്പ് നൽകിയിരുന്നു.