• കൊയിലാണ്ടി
  • April 16, 2024

കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടു ചെയ്യാനുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോമുകള്‍ ജില്ലയില്‍ വിതരണത്തിന് തയ്യാറായി. കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളും കവറുകളും അച്ചടി പൂര്‍ത്തിയാക്കി കലക്ട്രേറ്റിലേറ്റിലെ മെറ്റീരിയല്‍ സെല്ലിലേക്ക് മാറ്റി. 

പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ, കോവിഡ്  പോസിറ്റീവ്, ക്വാറന്റൈന്‍ സംബന്ധിച്ച സാക്ഷ്യപത്രം, സമ്മതിദായകന്റെ സത്യപ്രസ്താവന, സാക്ഷ്യപ്പെടുത്തിയ പട്ടിക തുടങ്ങിയവയാണ് വിതരണത്തിനെത്തിയത്. ഇവ അടുത്ത ദിവസങ്ങളില്‍ തന്നെ വരണാധികാരികള്‍ക്ക് വിതരണം ചെയ്ത് തുടങ്ങുമെന്ന് മെറ്റീരിയല്‍ സെല്‍ നോഡല്‍ ഓഫീസര്‍ പി ശശിധരന്‍ അറിയിച്ചു. ഡിസംബര്‍ അഞ്ച് മുതലാണ് സമ്മതിദായകര്‍ക്ക് പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുളള അപേക്ഷ വിതരണം ചെയ്യുക.

പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷയും കോവിഡ് പോസിറ്റീവ്, ക്വാറന്റൈന്‍ സംബന്ധിച്ച സാക്ഷ്യപത്രവും 2,16,750 എണ്ണം വീതവും സമ്മതിദായകന്റെ സത്യപ്രസ്താവന ഫോറം 1,91,200 എണ്ണവും സാക്ഷ്യപ്പെടുത്തിയ പട്ടിക ഫോറത്തിന്റെ 43,500 എണ്ണവുമാണ് ജില്ലയില്‍ വിതരണത്തിനായെത്തിയത്. ഫോമുകള്‍ സുരക്ഷിതമായി കൈാറുന്നതിനാവശ്യമായ കവറുകളും വിതരണം ചെയ്യും. 

കോവിഡ് പശ്ചാത്തലത്തില്‍ 1995ലെ കേരള പഞ്ചായത്ത് രാജ്/മുനിസിപ്പാലിറ്റി ( തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ ചട്ടം 24 സി (2) പ്രകാരം പ്രത്യേക തപാല്‍ ബാലറ്റ് മുഖേന വോട്ടുചെയ്യാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുള്ളതാണ് പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോം. പേര്, മേല്‍വിലാസം, വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍, വോട്ടര്‍ പട്ടികയിലെ ഭാഗത്തിന്റെ ക്രമനമ്പര്‍, സ്ഥലം, ഒപ്പ്, തിയതി എന്നിവ പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോമിനൊപ്പം സമര്‍പ്പിക്കണം. ഡിസംബര്‍ അഞ്ച് മുതല്‍ 13ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പ് വരെയുള്ള കാലയളവില്‍ കോവിഡ് പോസിറ്റീവായവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം. അതിന് ശേഷം കോവിഡ് പോസറ്റീവായവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ (അഞ്ച് മണിയ്ക്ക് ശേഷം) പിപിഇ കിറ്റ് ധരിച്ച് വോട്ടു ചെയ്യാനും അവസരമുണ്ടാകും.

കടപ്പാട് : PRD