• കൊയിലാണ്ടി
  • March 29, 2024

കൊയിലാണ്ടി : കീഴരിയൂര്‍ പഞ്ചായത്തിലെ ആനപ്പാറ കരിങ്കല്‍ ക്വാറിയുടെ ഖനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പരിസര വാസികളുടെ പ്രക്ഷോഭം ശക്തമായി. ക്വാറിക്കെതിരെ പ്രദേശവാസികള്‍ കഴിഞ്ഞ കുറെ നാളുകളായി  പ്രക്ഷോഭത്തിലാണ്. ക്വാറിയില്‍ സ്‌ഫോടനം നടത്തുന്നത് കാരണം തങ്ങളുടെ വീടിന് കേടുപാടുകള്‍ സംഭവിക്കുന്നതായി ജനങ്ങള്‍ പറയുന്നു സ്ത്രീകളും കുട്ടികളുമടക്കമുളളവരാണ് സമര രംഗത്തുള്ളത്. ക്വാറി പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന് കാട്ടി സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാാൻ  കൊയിലാണ്ടി പോലീസ് ചൊവ്വാഴ്ച സ്ഥലത്തെത്തിയിരുന്നു. ഇത് സമരം ചെയ്യുന്ന പ്രദേശവാസികളും പോലീസും തമ്മിലുളള തര്‍ക്കത്തിന് ഇടവരുത്തി. ആനപ്പാറ ക്വാറിയുടെ അമ്പത് മീറ്ററിനുളളില്‍ ഒട്ടനവധി വീടുകളും അങ്കണവാടിയുമുണ്ടെന്ന് പരിസരവാസികൾ പറയുന്നു.ക്വാറിയ്ക്ക് സമീപത്ത് കൂടിയുളള റോഡിലൂടെ ഭാരം കയറ്റിയുളള വാഹനം പോകാൻ പാടില്ലെന്ന് കീഴരിയൂര്‍ പഞ്ചായത്ത് അധികൃതര്‍ ഉത്തതരവിറക്കിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ക്വാറിക്ക് സമീപമുളള പഞ്ചായത്ത് റോഡിലൂടെ ഭാരം കയറ്റി പോകുന്ന വാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.  ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പോലീസ് നീക്കത്തെ ചെറുത്തത്. ഹൈക്കോടതി ഉത്തരവുളളതിനാല്‍ ക്വാറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് കൊയിലാണ്ടി എസ്.ഐ കെ.പി. രാജേഷ് പറഞ്ഞു.എന്നാല്‍ മനുഷ്യ ജീവന് തന്നെ ഭീഷണിയായ ക്വാറിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രദേശവാസികളും പറഞ്ഞു. ലോഡ് കണക്കിന് കരിങ്കല്ലാണ് ഇവിടെ നിന്ന് പൊട്ടിച്ച് കൊണ്ടു പോകുന്നത്. അശാസ്ത്രിയമായ കരിങ്കല്‍ ഖനനം മൂലം മലയുടെ മുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ വെളളം കെട്ടി നില്‍ക്കുന്നത് മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടാക്കും. ആനപ്പാറയുടെ താഴ്‌വാരങ്ങളില്‍ ഒട്ടനവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഭീഷണിയാവുകയാണ് ക്വാറിയുടെ പ്രവര്‍ത്തനം. കീഴരിയൂര്‍ പഞ്ചായത്തിലെ കുന്നുകളെല്ലാം തുരന്ന് തുരന്ന് ഇല്ലാതാവുകയാണ്. മീറോട് മലയില്‍ ചെങ്കല്‍ ഖനനവും,തങ്കമലയിലും ആനപ്പാറയിലും കരിങ്കല്‍ ഖനനവുമാണ് നടക്കുന്നത്. ആനപ്പാറയും തങ്കമല ക്വാറിയും തമ്മില്‍ രണ്ടര കിലോമീറ്റര്‍ വ്യത്യാസമേയുളളു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കീഴരിയൂര്‍ പഞ്ചായത്ത് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നില്ലെങ്കിലും,ഉന്നത സ്വാധിനമുപയോഗിച്ച് ക്വാറിക്കാര്‍ ഖനനത്തിന് അനുമതി നേടിയെടുക്കുന്നത്.