• കൊയിലാണ്ടി
  • January 24, 2021
koyilandy-news-live-chairperson

കൊയിലാണ്ടി നഗരസഭയിലെ പുതിയ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിനെ തീരുമാനിച്ചു. ഇന്ന് ചേർന്ന സി.പി.ഐ.(എം) ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. ഇന്നലെ ചേർന്ന സിപിഐ(എം) ജില്ലാ കമ്മിറ്റി യോഗത്തിൽ എടുത്ത തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇതോടെ നഗരസഭയുടെ ആറാമത്തെ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ട് 28ന് ചുമതലയേൽക്കും.

നഗരസഭയിലെ പന്തലായനി പതിനാലാം വാർഡിൽ നിന്നാണ് സി.പി.എമ്മിലെ സുധ കിഴക്കേപ്പാട്ട് തെരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയിലെ 12-ാം വാർഡിൽ നിന്നാണ് സുധ ആദ്യമായി നഗരസഭ കൌൺസിലിൽ എത്തുന്നത്. 5 വർഷം നഗരസഭ കൌൺസിലിൽ മികച്ച പ്രവർത്തനമാണ് സുധ കിഴക്കെപ്പാട്ട് കാഴ്ചവെച്ചത്. ഇതിനുള്ള അംഗീകാരമായാണ്, ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള പാർട്ടിയുടെ പരിഗണന പട്ടികയിൽ സുധ ആദ്യം ഇടംപിടിച്ചത്.

സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവും ഗേൾസ് ഹൈസ്കൂൾ ഭാഗത്തെ ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി മേഖലാ സെക്രട്ടറി കൂടിയാണ്. പന്തലായനി ശിവക്ഷേത്രം കമ്മിറ്റിയിലെ എക്സിക്യൂട്ടീവ് അംഗവുമാണ്. 2010-ൽ നടന്ന തിരഞ്ഞെടുപ്പിൽ, യു.ഡി.എഫ്ൽ നിന്ന് 3 വോട്ടിന് വാർഡ് പിടിച്ചെടുത്തു കൊണ്ടാണ് അവർ ആദ്യം നഗരസഭ കൗൺസിലറായത്.

തുടർന്ന് 5 വർഷം നടത്തിയ വികസന പ്രവർത്തനം വാർഡിൻ്റെ മുഖച്ഛായ മാറ്റി പൊതുരംഗത്തെ സർവ്വ അംഗീകാരവും വാങ്ങിക്കുട്ടി. തുടർന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായും, സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവുമായി ഉയർന്നു. പാർട്ടിയുടെ നിർദ്ദേശപ്രകാരം ഇത്തവണ ജനവിധി തേടിയത് നഗരസഭയിലെ പന്തലായനി സെൻട്രലിലെ 14-ാം വാർഡിൽ നിന്നാണ്. യു.ഡി.എഫ്’നെ പരാജയപ്പെടുത്തി വൻ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് ജയിച്ചുവന്നത്.