• കൊയിലാണ്ടി
  • September 8, 2024

കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. നവംബര്‍ 25 അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് 26 അര്‍ദ്ധരാത്രിവരെ നീളും. അവശ്യസേവനങ്ങളൊഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സംഘടനയിലെ അംഗങ്ങള്‍ പണിമുടക്കിനോട് സഹകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേരളത്തിലും പശ്ചിമ ബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയിട്ടുണ്ട്‌. പത്ത് ദേശീയ സംഘടനകളും റെയില്‍വേ, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ ഉള്‍പ്പടെ കാല്‍ കോടിയിലധികം പേരാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളും ടാക്സി സേവനവും പണിമുടക്കില്‍ പങ്കെടുക്കും.

കര്‍ഷകദ്രോഹ-തൊഴില്‍ വിരുദ്ധനിയമങ്ങള്‍ പിന്‍വലിക്കുക, പ്രതിരോധ-വ്യോമയാന-തുറമുഖ-വൈദ്യുതി-ഖനന മേഖലകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വകാര്യവത്കരണം ഒഴിവാക്കുക, കേന്ദ്ര സര്‍വ്വീസ് ജീവനക്കാരെയും പൊതുമേഖല ജീവനക്കാരേയും നിര്‍ബന്ധപൂര്‍വ്വം പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് കൊണ്ടാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകുന്നത്.

കൂടാതെ, തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, വര്‍ഷത്തില്‍ 200 തൊഴില്‍ദിനങ്ങള്‍ വേതനവര്‍ദ്ധനവോടെ ലഭ്യമാക്കുക, നഗരപ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കുക. ആദായനികുതിദായകരല്ലാത്ത തോഴിലാളികളുടെ കുടുംബത്തിന് പ്രതിമാസം 7500 നല്‍കുക, എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുക, പഴയ പെന്‍ഷന്‍ സംവിധാനം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും പണിമുടക്കില്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്