• കൊയിലാണ്ടി
  • January 18, 2021
koyilandy-live-news

സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ഡമ്മി ബാലറ്റ് പേപ്പറും ഡമ്മി ബാലറ്റ് യൂണിറ്റുകളും വ്യവസ്ഥകള്‍ പാലിച്ച് ഉപയോഗിക്കാം. ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സല്‍ ബാലറ്റ് പേപ്പറിനോട് സാമ്യമുണ്ടാകാന്‍ പാടില്ല. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് വെള്ളയും ജില്ലാ പഞ്ചായത്തുകള്‍ക്ക് ആകാശ നീലയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത്.  വെള്ള, നീല, പിങ്ക് ഒഴികെയുള്ള നിറങ്ങളില്‍ ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കാം. ഒരു സ്ഥാനാര്‍ഥി തന്റെ പേര് ബാലറ്റ് പേപ്പറില്‍ എവിടെ വരുമെന്ന് സൂചിപ്പിക്കാന്‍ സ്വന്തം പേരും ചിഹ്നവുമുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിന് തടസമില്ല. അതേ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന മറ്റു സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉണ്ടാകാന്‍ പാടില്ല. യഥാര്‍ത്ഥ ബാലറ്റുയൂണിറ്റുകളുടെ പകുതി വലിപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റുയൂണിറ്റുകള്‍ ഉപയോഗിക്കാം. ഇത് യഥാര്‍ത്ഥ ബാലറ്റുയൂണിറ്റുകളുടെ നിറത്തിലാകാനും പാടില്ല.

കടപ്പാട് : PRD