• കൊയിലാണ്ടി
  • January 25, 2021

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്യതു. തിങ്കളാഴ്ച രാവിലെ കൃത്യം 10 മണിക്ക് കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വരണാധികാരിയും ജില്ലാ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസറുമായ (കൊയിലാണ്ടി നഗരസഭ) കെ. പി. ഷാജി മുതിർന്ന അംഗം രത്നവല്ലി ടീച്ചർക്ക് അദ്യമായി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് രത്നവല്ലി ടീച്ചർ 1 മുതൽ യഥാക്രമം 44 വാർഡിലെ ജനപ്രതിനിധികൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഹാളിന് പുറത്തുള്ള പൊതുജനങ്ങൾക്ക് പ്രത്യേകം സജ്ജമാക്കിയ ബിഗ് സ്ക്രീനിൽ കാണാൻ സൌകര്യം ഒരുക്കിയിരുന്നു.


ഇടതുപക്ഷ അംഗങ്ങൾ ടൌൺഹാളിൽ ഒരുക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. മുതിർന്ന യു.ഡി.എഫ് അംഗം രത്നവല്ലി ടീച്ചർ ഈശ്വര നാമത്തിൽ പ്രതിജ്ഞയെടുത്തപ്പോൾ എൽ.ഡി.എഫിൻ്റെ ചെയർപേഴ്സണായി പരിഗണിക്കുന്ന സുധ കിഴക്കെപ്പാട്ടും വൈസ് ചെയർമാനായി പരിഗണനയിലുള്ള അഡ്വ. കെ. സത്യനും, ഷിജു മാസ്റ്ററും ദൃഢപ്രതിജ്ഞയെടുത്തു. ബഹുഭൂരിപക്ഷം അംഗങ്ങളും ഈശ്വര നാമത്തിൽ പ്രതിജ്ഞ ചൊല്ലിയപ്പോൾ മറ്റ് അംഗങ്ങൾ ദൃഢപ്രതിജ്ഞയാണ് എടുത്തത്.

ചടങ്ങിൽ എം.എൽ.എ. കെ ദാസൻ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, വ്യാപാരി സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, നഗരസഭ സെക്രട്ടറി, എഞ്ചിനീയർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.