• കൊയിലാണ്ടി
  • January 25, 2021

മലയാള സാഹിത്യത്തിലെ വിഖ്യാത എഴുത്തുകാരന്‍ യുഎ ഖാദര്‍ ( 85) അന്തരിച്ചു. അസുഖ ബാധിതനായി കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

1935ല്‍ മൊയ്തീന്‍ കുട്ടി ഹാജി, മാമെദി ദമ്പതികളുടെ മകനായി പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം മോണ്‍ സംസ്ഥാനത്തായിരുന്നു യു എ ഖാദര്‍ ജനിച്ചത്. യുഎ ഖാദറിന്റെ അമ്മ ബര്‍മ്മക്കാരിയാണ്. അച്ഛന്‍ കേരളീയനും. ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം അമ്മ മരണപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വേളയില്‍ ഖാദറും കുടുംബവും ബര്‍മയിലെ വാസസ്ഥലത്തുനിന്ന് മറ്റു സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഏഴാം വയസ്സില്‍ യു എ ഖാദര്‍ പിതാവിനോടൊപ്പം കേരളത്തിലെത്തി. പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയില്‍ എത്തുകയും മലയാളിയായി വളരുകയും ചെയ്തു.

തൃക്കോട്ടൂര്‍ കഥകള്‍, ഒരു പിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുല്‍ത്താന, കളിമുറ്റം, ചെമ്പവിഴം, ഖുറൈഷികൂട്ടം, അനുയായി തുടങ്ങി അമ്പതിലധികം കൃതികളുടെ രചയിതാവാണ് യുഎ ഖാദര്‍.