• കൊയിലാണ്ടി
  • January 25, 2021

കൊയിലാണ്ടി: അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കാപ്പാട് ബീച്ചിൽ ഇന്ന് ഔദ്യോഗികമായി ബ്ലൂ ഫ്ലാഗ് ഉയർത്തി. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് ഫ്ലാഗ് ഉയർത്തിയത്.

ഉയർന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അംഗീകാരമാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. ഇന്ത്യയിൽ ഈ വർഷം ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച എട്ട് ബീച്ചുകളുടെ ഔദ്യോഗിക ബ്ലൂ ഫ്ലാഗ് ഉയർത്തൽ ചടങ്ങ് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ ഓൺലൈനായി നിർവഹിച്ചതോടൊപ്പം പകൽ 11 മണിക്കാണ് ചടങ്ങ് നടന്നത്. കാപ്പാട് ബീച്ച് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ഡെന്‍മാര്‍ക്കിലെ ഫൌണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍. മാലിന്യമുക്ത തീരം, പരിസ്ഥിതി സൗഹൃദപരമായ നിര്‍മ്മിതികള്‍, സഞ്ചാരികളുടെ സുരക്ഷ, കുളിക്കുന്ന കടല്‍വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫ്ളാഗ് മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് അഭിമാനനേട്ടം കൈവരിച്ചത്.

കെ.ദാസന്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ സാംബശിവറാവു നോഡല്‍ ഓഫീസറുമായി ബീച്ച് മാനേജ്മന്റ് കമ്മിറ്റി രൂപീകരിച്ചാണ് ബീച്ചിൽ നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഡല്‍ഹി ആസ്ഥാനമായിട്ടുള്ള എ റ്റു ഇസഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മാനേജ്മെന്റ് ആണ് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന് കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എട്ട് കോടി രൂപ വകയിരുത്തി. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തിനു മുന്നോടിയായി ബ്ലൂ ഫ്ളാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവൃത്തികള്‍ കാപ്പാട് ബീച്ചില്‍ പൂര്‍ത്തീകരിച്ചിരുന്നു. ബീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമാണെന്ന് ആഹ്വാനം ചെയ്യുന്നതിനായി ‘അയാം സേവിംഗ് മൈ ബീച്ച്’ പതാക ഉയര്‍ത്തിയതിനൊപ്പം അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു